Kerala
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ വിസി നിയമന നടപടിയില്‍ നിന്നു മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം. സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കേണ്ടത് ചാന്‍സലർക്കാണ്. വിസി നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം. സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.
National
ന്യൂഡൽഹി: ബിഹാർ എസ്ഐആറില്‍ തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.
National
കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. സർവീസ് റോഡ് നന്നാക്കിയെന്ന എൻഎച്ച്എഐയുടെ ന്യായീകരണം തള്ളിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയ എന്‍എച്ച്എഐ ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
ഇതിനു പിന്നാലെ കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രസർക്കാരെന്ന് കേരളം സുപ്രീം കോടതിയിൽ. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു.
എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു. അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
രാഷ്ട്രപതി നൽകിയ റഫറൻസ് നിലനിൽക്കുമോ എന്നുള്ളതിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഈ റഫറൻസ് നിലനിൽക്കില്ല എന്ന വാദമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്.
അതേസമയം, റഫറന്‍സ് അയക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനായി എജിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് വാദിക്കുന്നത്.
Kerala
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ വിഷയത്തിൽ ദേശീയപാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ പരാമർശം.
പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ചത്.
National
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവ് നായ്ക്കളുടെ മുഴുവൻ പ്രശ്നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുൻ ഉത്തരവ് പരസ്യമാകുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലെയും അധികാരികൾ മൃഗങ്ങളെ പിടികൂടാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജ്യത്ത് ഒരു വർഷത്തിനിടെ 37 ലക്ഷത്തിലധികം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവുനായ്ക്കളെ എത്രയും വേഗം പിടികൂടി എട്ട് ആഴ്ചയ്ക്കുള്ളിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഓഗസ്റ്റ് 11 ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാരിന്റെ ശിപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഏകപക്ഷീയവും ചട്ടവിരുദ്ധവുമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീംകോടതി നിർദേശിച്ച നടപടിയല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ബുധനാഴ്ച പരിഗണിക്കും.
ഡോ.സിസ തോമസിനു ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും (കെടിയു) താത്കാലിക വിസിമാരായി ആറു മാസത്തേക്കു കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.
എന്നാൽ, താത്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സാങ്കേതിക സർവകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റർ സർവകലാശാല ആക്ടിന്റെ 11 (10) പ്രകാരവും ആണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലർ ആയ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
National
ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ ഉൾപ്പെടെ സർക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ജൂലൈ 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിമിഷ പ്രിയയെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഒത്തുതീർപ്പ് ചർച്ചകളിൽ കേന്ദ്രം കുറേക്കൂടി പങ്കാളികളാകണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അത് ചെയ്യുന്നുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
അതേസമയം കേസിന്റെ സാഹചര്യം പരിഗണിക്കുന്പോൾ വധശിക്ഷ നടപ്പായാല്‍ ദുഃഖകരമെന്ന് കോടതി നിരീക്ഷിച്ചു. നല്ലത് സംഭവിക്കട്ടെയെന്ന് കരുതി കാത്തിരിക്കാമെന്നും കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് കോടതി പറഞ്ഞു.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന് തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.
National
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം എന്തിനെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്കരണത്തിന് കമ്മീഷന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.